Monday, December 20, 2021
വിദ്യാർത്ഥികളെ വെയിലത്ത് നിർത്തിയ ബസ് ഇനി സർവീസ് നടത്തേണ്ടന്ന് സർക്കാർ.
Sunday, December 19, 2021
വിവാഹത്തിനു നൽകുന്ന സമ്മാനം സ്ത്രീധനമായി കണക്കാക്കാനാകില്ല -ഹൈക്കോടതി
കൊച്ചി:മകളുടെ ക്ഷേമത്തിനായി ആരും ആവശ്യപ്പെടാതെ വിവാഹസമയത്ത് മാതാപിതാക്കൾ നൽകുന്ന സമ്മാനങ്ങൾ സ്ത്രീധനത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈക്കോടതി. വിവാഹസമയത്ത് തനിക്കു ലഭിച്ച ആഭരണങ്ങൾ ഭർത്താവിൽനിന്ന് തിരിച്ചു കിട്ടാൻ യുവതി നൽകിയ പരാതിയിൽ ഇവ തിരിച്ചുനൽകാൻ കൊല്ലം ജില്ലാ സ്ത്രീധന നിരോധന ഒാഫീസർ ഉത്തരവിട്ടതിനെതിരേ തൊടിയൂർ സ്വദേശിയായ ഭർത്താവ് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എം.ആർ. അനിതയുടെ നിരീക്ഷണം.
വിവാഹത്തിന് തനിക്കു ലഭിച്ച 55 പവൻ ബാങ്ക് ലോക്കറിൽ വെച്ചിരിക്കുകയാണെന്നും തിരിച്ചുനൽകാൻ നിർദേശിക്കണമെന്നുമായിരുന്നു യുവതിയുടെ ആവശ്യം. ഇവ തിരിച്ചുനൽകാൻ ജില്ലാ സ്ത്രീധന നിരോധന ഒാഫീസർ ഉത്തരവിടുകയും ചെയ്തു. എന്നാൽ ആഭരണങ്ങൾ സ്ത്രീധനമല്ലെന്നും ആ നിലയ്ക്ക് ഉത്തരവ് നൽകാൻ ഒാഫീസർക്ക് അധികാരമില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ആഭരണങ്ങൾ സ്ത്രീധനമായി ലഭിച്ചതാണോയെന്നു ഓഫീസർ പരിശോധിച്ച് ഉറപ്പു വരുത്തിയതായി ഉത്തരവിൽ വ്യക്തമല്ലെന്നും കോടതി വിലയിരുത്തി.
ലോക്കറിൽവെച്ചിട്ടുള്ള ആഭരണങ്ങളും വിവാഹസമയത്ത് വധുവിന്റെ വീട്ടുകാർ തനിക്കു നൽകിയ മാലയും തിരിച്ചു നൽകാമെന്ന് ഹർജിക്കാരൻ അറിയിച്ചു. യുവതിയും ഇതു സമ്മതിച്ചതിനെത്തുടർന്ന് ഹർജി തീർപ്പാക്കി.
ഭാര്യമാർക്ക് തുല്യപരിഗണന നൽകിയില്ലെങ്കിൽ വിവാഹമോചനം അനുവദിക്കാം -ഹൈക്കോടതി
കൊച്ചി:ഒന്നിലേറെ വിവാഹംകഴിച്ച മുസ്ലിം ഭർത്താവ് ഭാര്യമാരെ തുല്യപരിഗണനയോടെ സംരക്ഷിക്കാത്തത് വിവാഹമോചനത്തിന് മതിയായ കാരണമാണെന്ന് ഹൈക്കോടതി. ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് സോഫി തോമസ് എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് ഉത്തരവ്.
ഒന്നിലേറെ വിവാഹം കഴിച്ചാൽ ഭാര്യമാരെ തുല്യപരിഗണന നൽകി സംരക്ഷിക്കണമെന്നാണ് ഖുർആൻ അനുശാസിക്കുന്നത്. അതിനുവിരുദ്ധമായി ഒരാളിൽനിന്ന് വേർപിരിഞ്ഞ് കഴിഞ്ഞാൽ വിവാഹമോചനം അനുവദിക്കാമെന്നാണ് കോടതി വ്യക്തമാക്കിയത്. വിവാഹമോചനം തേടി തലശ്ശേരി കുടുംബകോടതിയിൽ നൽകിയ ഹർജി തള്ളിയതിനെതിരേ തലശ്ശേരി സ്വദേശിനി നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്. മുസ്ലിം വിവാഹമോചനനിയമത്തിലെ സെക്ഷൻ 2(8)(എഫ്) പ്രകാരമാണ് വിവാഹമോചനം അനുവദിച്ചിരിക്കുന്നത്
1991-ലായിരുന്നു വിവാഹം. അഞ്ചുവർഷമായി ഭർത്താവ് അകന്നുകഴിയുകയാണ്. 2019-ലാണ് വിവാഹമോചനഹർജി നൽകിയത്. 2014 മുതൽ ഭർത്താവ് തന്റെയടുത്ത് വരാറില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഹർജിക്കാരി ശാരീരികബന്ധത്തിന് സമ്മതിക്കുന്നില്ലെന്നും അതിനാലാണ് രണ്ടാമത് വിവാഹം കഴിച്ചതെന്നുമായിരുന്നു ഭർത്താവിന്റെ വാദം. എന്നാൽ, മൂന്ന് കുട്ടികളുള്ളത് ചൂണ്ടിക്കാട്ടി ആ വാദം കോടതി തള്ളി.
വൈവാഹിക കടമകൾ നിർവഹിക്കുന്നതിൽ ഭർത്താവാണ് വീഴ്ചവരുത്തിയതെന്നും കോടതി വിലയിരുത്തി. ചെലവിന് നൽകി എന്നത് വൈവാഹിക കടമ നിർവഹിച്ചതിന് തുല്യമായി കണ്ട കുടുംബകോടതിയുടെ നിഗമനം തെറ്റാണെന്നും കോടതി വിലയിരുത്തി.