My title page contents
http://dubai-best-hotels.blogspot.com/ google-site-verification: google1aa22a1d53730cd9.html

Sunday, March 19, 2017

POCSO -The Protection of Children from Sexual Offences Act, 2012.

ഒരു പോക്സോ ദൂരം.

എന്‍റെ മകള്‍.

അവള്‍ ആദ്യമായി പുഞ്ചിരിച്ചത് എന്‍റെ മുഖത്തേക്ക് നോക്കിയാണ്.

ആറുമാസം പ്രായമെത്തുന്നതിനു മുന്‍പേ “ത്ത,ത്ത” എന്ന് പറഞ്ഞ് എന്‍റെ നേര്‍ക്ക് കൈ നീട്ടി ആഞ്ഞിരുന്ന എന്‍റെ പ്രാണന്‍റെ അംശം.

പിഞ്ചു കുഞ്ഞായിരുന്നപ്പോള്‍ ചില രാത്രികളില്‍ എന്തിനോ വാവിട്ടു കരയുന്ന അവള്‍ക്ക് എന്‍റെ നെഞ്ചിലെ ചൂടായിരുന്നു താരാട്ട്.

കട്ടിലില്‍ കിടന്ന്അമ്മയുടെ മുലപ്പാല്‍ നുണയുമ്പോഴും ഒരു കുഞ്ഞിക്കൈ കൊണ്ട് എന്‍റെ മുഖത്തും ഒരു കുഞ്ഞിക്കാല്‍ കൊണ്ട് എന്‍റെ വയറ്റത്തും താളം പിടിച്ചുകൊണ്ടും, ഒടുവില്‍ പാലുകുടി അവസാനിപ്പിച്ച് ചുണ്ടില്‍ തങ്ങി നില്‍ക്കുന്ന അവസാന പാല്‍ത്തുള്ളി “ഭ്രൂം” എന്ന ശബ്ദത്തില്‍ തുപ്പിത്തെറിപ്പിച്ച് എന്നിലേക്ക് തിരിഞ്ഞ് ഉരുണ്ടു വരുന്ന എന്‍റെ കുഞ്ഞിമോള്‍.

എല്ലാ ദിവസവും ഉറങ്ങുന്നതിനു മുമ്പ് എന്‍റെ മോളുടെ കളിപ്പാട്ടവും,പാവയും,കട്ടിലും,തലയിണയും എല്ലാം ഞാനായിരുന്നു.

ഒടുവില്‍ എന്‍റെ വാത്സല്യ ചുംബനം മൂര്‍ധാവില്‍ വാങ്ങി അവള്‍ ഉറങ്ങും.

ഉറക്കത്തിലും ഇരുട്ടില്‍ പലപ്പോഴും കുഞ്ഞിക്കൈ കൊണ്ട് എന്‍റെ മുഖത്ത് തപ്പി നോക്കും, അച്ഛന്‍ തന്നെയല്ലേ അടുത്തുള്ളത് എന്ന്.

വല്ലപ്പോഴും ഞാനില്ലാതെ അമ്മവീട്ടില്‍ പോയി നില്‍ക്കുമ്പോള്‍ പരാതികളുടെ പ്രളയമാണ്; “അച്ഛനില്ലാതെ പെണ്ണ് ഉറങ്ങില്ല, ഓരോ ശീലം പഠിപ്പിക്കും, മനുഷ്യനെ ബുദ്ധിമുട്ടിക്കാന്‍” ഭാര്യയുടെ പരിഭവം ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.

പത്ത് വര്‍ഷങ്ങള്‍ കടന്നു പോയത് അറിഞ്ഞില്ല.

ഇന്ന് വൈകുന്നേരം മോള്‍ വല്ലാതെ സങ്കടപ്പെട്ടിരിക്കുന്നത് കണ്ട് ഞാന്‍ കാരണം തിരക്കി.

എന്താണ് അച്ഛന്‍റെ പൊന്നിന്‍റെ മുഖത്ത് ഒരു നിഴല്‍?

അവളുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു.

മടിച്ചു മടിച്ച് അവള്‍ ചോദിച്ചു “ അച്ഛനും അങ്കിള്‍മാരും അപ്പച്ചന്മാരും ആരും എന്നെ തൊടാന്‍ പാടില്ലേ?”

“എന്താ ഇപ്പോള്‍ ഇങ്ങനെ ഒരു സംശയം? ആര് പറഞ്ഞു”? എന്‍റെ മറുചോദ്യം പെട്ടന്നായിരുന്നു.

ഇന്ന് സ്കൂളില്‍ ഒരു ആന്‍റി വന്നു.
ആന്‍റി ഞങ്ങള്‍ക്ക് സ്പെഷ്യല്‍ ക്ലാസ് എടുത്തു. അപ്പോള്‍ പറഞ്ഞു പെണ്‍കുട്ടികള്‍ അച്ഛന്മാരെ പോലും ഉമ്മ വെക്കരുത്, ആണുങ്ങള്‍ ആരും പെണ്‍കുട്ടികളുടെ ദേഹത്ത് തൊടാന്‍ പാടില്ല, വീട്ടിലുള്ളവരായാലും തൊടാന്‍ സമ്മതിക്കരുത്. ആരെങ്കിലും ദേഹത്ത് തൊട്ടാല്‍ സ്കൂളില്‍ ടീച്ചറോടും, ചൈല്‍ഡ് ലൈന്‍ ചേച്ചിമാരോടും ഉടന്‍ പറയണമെന്നും ആ ആന്‍റി പറഞ്ഞു.”

മകളുടെ തല കുനിഞ്ഞു.

ഞാന്‍ അവളുടെ കുഞ്ഞു മുഖം എന്‍റെ കൈക്കുമ്പിളില്‍ ഉയര്‍ത്തി.

ആ കൊച്ചു കണ്ണുകള്‍ നിറഞ്ഞ് തുളുമ്പുന്നുണ്ടായിരുന്നു.

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. “മോളേ, മോളുടെ ഇഷ്ടമോ അനുവാദമോ ഇല്ലാതെ ആരെങ്കിലും മോളുടെ ദേഹത്ത് തൊടുകയോ ഉപദ്രവിക്കുകയോ ചെയ്‌താല്‍ പറയണം എന്നാണ് ആ ആന്‍റി ഉദ്ദേശിച്ചത്”.

“അല്ല അച്ഛാ, ആരെയെങ്കിലും വീട്ടില്‍ വെച്ച് അച്ഛന്മാര്‍ ഉമ്മ വെക്കുന്നുണ്ടോ എന്നൊക്കെ ചോദിച്ചു. കുറച്ചു കുട്ടികള്‍ ഉണ്ടെന്നു പറഞ്ഞു. അവരോടൊക്കെ എവിടെയാണ് ഉമ്മ വെക്കുന്നത് എന്നൊക്കെ മാറ്റി നിര്‍ത്തി ചോദിച്ചു എന്ന് അവര്‍ പറഞ്ഞു. എനിക്ക് പേടിയായി. ഞാന്‍ മിണ്ടാതെ ഇരുന്നു.”

മകളുടെ എങ്ങലടികള്‍ക്ക് കനം കൂടി വന്നു.

ഞാന്‍ ചിരിച്ചുകൊണ്ട് ചോദിച്ചു. “അതിനു മോളെന്തിനാണ് പേടിക്കുന്നതും കരയുന്നതും”?

അവള്‍ ഏങ്ങലടിച്ചു കൊണ്ട് ചോദിച്ചു; “ എല്ലാ ദിവസവും രാത്രിയില്‍ ഗുഡ് നൈറ്റ് പറഞ്ഞ് അച്ഛന്‍ എന്‍റെ നെറ്റിയില്‍ ഉമ്മ തരാറില്ലേ?..അതൊന്നും ഇനി പറ്റില്ല എന്നാണോ?.. അച്ഛന്‍റെ ഗുഡ് നൈറ്റ് ഉമ്മ കിട്ടാതെ ഞാന്‍ എങ്ങനെ ഉറങ്ങും?... അത് സ്കൂളില്‍ വന്ന ആന്‍റിയൊക്കെ അറിഞ്ഞാല്‍ അച്ഛനെ പോലീസ് പിടിക്കുമോ?...

കുഞ്ഞിന്‍റെ മുഖം ഉയര്‍ത്തിയ എന്‍റെ കൈകള്‍ പൊള്ളുവാന്‍ തുടങ്ങി.

വാത്സല്യ ചുംബനം പതിയേണ്ട അവളുടെ മൂര്‍ധാവില്‍ എന്‍റെ കണ്ണീര്‍ത്തുള്ളികള്‍ പതിച്ചു.

എന്‍റെ മനസിനോടൊപ്പം ചുണ്ടുകളും ചുട്ടുപഴുത്തു.

പിതൃ പുത്രീ ബന്ധത്തില്‍ ഒരു പുതിയ നിയമ അകലം ഞാന്‍ അളന്നു.

ഒരു പോക്സോ ദൂരം....

(ബിജോയ്‌.കെ.ഏലിയാസ്‌)

(കുറിപ്പ്- പദപരിചയം- പോക്സോ / POCSO -The Protection of Children from Sexual Offences Act, 2012. കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനുള്ള നിയമം ചുരുക്കപ്പേരില്‍ പോക്സോ എന്ന് അറിയപ്പെടുന്നു.)

No comments:

Post a Comment